04:05am 29 October 2026
NEWS
അനിൽ അംബാനിയുടെ സന്ദർശനം രസകരമാക്കാൻ ഒരു സ്വീഡിഷ് സുന്ദരി; എപ്സ്റ്റീൻ ഫയൽസിൽ പുതിയ വെളിപ്പെടുത്തലുകൾ
07/02/2026  05:30 PM IST
nila
അനിൽ അംബാനിയുടെ സന്ദർശനം രസകരമാക്കാൻ ഒരു സ്വീഡിഷ് സുന്ദരി; എപ്സ്റ്റീൻ ഫയൽസിൽ പുതിയ വെളിപ്പെടുത്തലുകൾ

വാഷിങ്ടൻ: ലൈംഗിക കുറ്റകൃത്യക്കേസിൽ വിവാദ കേന്ദ്രമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ‘എപ്സ്റ്റീൻ ഫയൽസ്’ൽ പുതിയ വെളിപ്പെടുത്തലുകൾ. ഇന്ത്യൻ വ്യവസായ പ്രമുഖൻ അനിൽ അംബാനിയുമായി എപ്സ്റ്റീൻ 2017 മുതൽ 2019 വരെ നടത്തിയ ഫോൺ സന്ദേശങ്ങളുടെ ഉള്ളടക്കമാണ് ഇപ്പോൾ പുറത്തുവന്നത്. ബിസിനസും സ്ത്രീകളുമായി ബന്ധപ്പെട്ട സ്വകാര്യ ചർച്ചകളുമാണ് ഈ സംഭാഷണങ്ങളിലുണ്ടായിരുന്നതെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തിറക്കിയ രേഖകൾ വ്യക്തമാക്കുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന ഗുരുതര കുറ്റം എപ്സ്റ്റീനുമേൽ ചുമത്തുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപാണ് ഈ ആശയവിനിമയങ്ങൾ നടന്നതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ഇരുവരും നേരിട്ട് കാണാൻ തീരുമാനിച്ചിരുന്നുവെന്ന വിവരവും രേഖകളിലുണ്ട്. ഫോണിലെ ടെക്സറ്റ് മെസേജ് സംവിധാനമാണ് ഇരുവരും ആശയവിനിമയത്തിന് ഉപയോ​ഗിച്ചത്. 

2017 മാർച്ച് 9ന് നടന്ന ഒരു സന്ദേശ കൈമാറ്റത്തിൽ, “നിങ്ങൾ ആരെയാണ് നിർദേശിക്കുന്നത്?” എന്നായിരുന്നു അനിൽ അംബാനിയുടെ ചോദ്യം. അതിന് മറുപടിയായി “നിങ്ങളുടെ സന്ദർശനം രസകരമാക്കാൻ ഒരു സ്വീഡിഷ് സുന്ദരിയെ ഞാൻ നിർദേശിക്കുന്നു” എന്നാണ് എപ്സ്റ്റീൻ പ്രതികരിച്ചത്. “എങ്കിൽ അത് ശരിയാക്കൂ” എന്ന് 20 സെക്കൻഡിനുള്ളിൽ അംബാനി മറുപടി നൽകിയതായും രേഖകൾ പറയുന്നു. ഫോണിലൂടെയുള്ള ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയായിരുന്നു ഈ സംഭാഷണം.

അതേ വർഷം നടന്ന മറ്റൊരു ചർച്ചയിൽ, സ്ത്രീകളെക്കുറിച്ചുള്ള തന്റെ മുൻഗണനയെക്കുറിച്ച് എപ്സ്റ്റീൻ അംബാനിയോട് ചോദിച്ചതായും രേഖകളിലുണ്ട്. “നിങ്ങൾക്ക് താൽപര്യമുള്ള നടിയോ മോഡലോ ആരെങ്കിലും ഉണ്ടോ? മെറിൽ സ്ട്രീപ്പ് പോലുള്ളവർ അല്ലായിരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്” എന്നായിരുന്നു എപ്സ്റ്റീന്റെ പരാമർശം. മറുപടിയായി, “എന്റെ സുഹൃത്തേ, ഞാൻ അങ്ങനെയുള്ളവരെ നോക്കുന്നില്ല. എന്റെ അടുത്ത സിനിമ സ്കാർലറ്റ് ജോഹാൻസനോടൊപ്പമാണ്” എന്ന് അംബാനി പ്രതികരിച്ചു. അതിന് “പ്രായമായവരെക്കാൾ യുവ സുന്ദരിമാരെയാണ് നിങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് കേട്ടതിൽ സന്തോഷം” എന്നാണ് എപ്സ്റ്റീൻ മറുപടി നൽകിയത്.

2017ൽ പുറത്തിറങ്ങിയ ‘ഗോസ്റ്റ് ഇൻ ദി ഷെൽ’ എന്ന സയൻസ് ഫിക്ഷൻ ചിത്രം അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് എന്റർടെയ്ൻമെന്റ് സഹനിർമാണം ചെയ്തിരുന്നു. ഈ ചിത്രത്തിൽ സ്കാർലറ്റ് ജോഹാൻസൻ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

2017 അവസാനത്തോടെ പാരീസിൽ കൂടിക്കാഴ്ച നടത്താൻ ഇരുവരും പദ്ധതിയിട്ടിരുന്നെങ്കിലും അത് നടപ്പായില്ല. തുടർന്ന് 2018 ജനുവരിയിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടയിൽ ഡോണൾഡ് ട്രംപിന്റെ പ്രതികരണങ്ങളെക്കുറിച്ചും ഇരുവരും തമ്മിൽ ചർച്ച നടത്തി. 2019 മേയിൽ ന്യൂയോർക്കിലേക്ക് പോകാനുണ്ടെന്ന് അംബാനി അറിയിച്ചപ്പോൾ, മാൻഹാറ്റനിലെ തന്റെ വസതിയിലേക്ക് എപ്സ്റ്റീൻ അദ്ദേഹത്തെ ക്ഷണിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. തുടർന്ന് അവിടെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നുവെന്നും രേഖകൾ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img